തിരുവനന്തപുരം: ഉയർന്ന താപനിലയെ തുടർന്ന് വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ്.
2025 മാർച്ച് 14,15 തീയതികളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും താപനില ഉയരും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും, വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് നിർദേശമുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാം. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.















