ന്യൂഡൽഹി: വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വകയിൽ ഇന്ത്യ സമ്പാദിച്ചത് 143 മില്യൺ യുഎസ് ഡോളറെന്ന് (1,243 കോടി രൂപ) റിപ്പോർട്ട്. 2015 മുതൽ 2024 വരെയുള്ള പത്ത് വർഷക്കാലത്തെ കണക്കാണിത്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്പേസ് സെക്ടറിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ, 2015 ജനുവരി മുതൽ 2024 ഡിസംബർ വരെയുള്ള കാലത്ത് 393 വിദേശ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇസ്രോയുടെ PSLV, LVM3, SSLV എന്നീ ലോഞ്ച് വാഹനങ്ങളിലൂടെയാണ് ഇവ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ചത്. 2014ന് ശേഷം 34 വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു. ഇക്കൂട്ടത്തിൽ വികസിത രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.
വിക്ഷേപിച്ച 393 വിദേശ ഉപഗ്രഹങ്ങളിൽ 232 എണ്ണം യുഎസിന്റേതും, 83 എണ്ണം യുകെയുടേതുമാണ്. സിംഗപ്പൂർ (19), കാനഡ (8), കൊറിയ (5) ലക്സംബർഗ് (4), ഇറ്റലി (4), ജർമ്മനി (3), ബെൽജിയം (3), ഫിൻലാൻഡ് (3), ഫ്രാൻസ് (3), സ്വിറ്റ്സർലൻഡ് (2) നെതർലാൻഡ് (2), ജപ്പാൻ (2), ഇസ്രായേൽ (2), സ്പെയിൻ (2), ഓസ്ട്രേലിയ (1), യുഎഇ(1), ഓസ്ട്രിയ (1) എന്നിങ്ങനെയാണ് ശേഷിക്കുന്നവ.
ബഹിരാകാശമേഖലയിൽ സഹകരിക്കാൻ 61 രാജ്യങ്ങളുമായി കരാറിൽ ഒപ്പുവച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. റിമോട്ട് സെൻസിംഗ്, സാറ്റലൈറ്റ് നാവിഗേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, ബഹിരാകാശ ശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, കപ്പാസിറ്റി ബിൽഡിംഗ് എന്നീ മേഖലകളിലാണ് സഹകരണം ശക്തമാക്കുന്നതെന്നും കേന്ദ്രമന്ത്രി ലോക്സഭയെ രേഖാമൂലം അറിയിച്ചു.















