2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുൺ ചക്രവർത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. ഇതാദ്യമായി താൻ കടന്നുപോയ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് വരുൺ. 2021ലെ ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നുവെന്നും താൻ മാനസികമായി തകർന്നുവെന്നും വരുൺ വെളിപ്പെടുത്തി.
ഐപിഎല്ലിൽ വരുൺ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടി20 ലോകകപ്പിൽ അത്ര ശോഭിക്കാനായില്ല. അവിടെ ഇന്ത്യ സൂപ്പർ 12 ഘട്ടത്തിൽ പുറത്തായി. മത്സരത്തിൽ വരുൺ ഒരു വിക്കറ്റ് പോലും വീഴ്‌ത്തിയില്ല. സമ്മർദ്ദം തനിക്ക് വളരെ കൂടുതലായിരുന്നുവെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. തനിക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്നും അത് ഇരുണ്ട കാലമായിരുന്നുവെന്നും വരുൺ പറഞ്ഞു.
“2021 ലോകകപ്പ് എനിക്ക് ഇരുണ്ട കാലമായിരുന്നു. അന്ന് ഞാൻ വിഷാദത്തിലേക്ക് പോലും പോയി. വളരെയധികം ആവേശത്തോടെയാണ് ഞാൻ ടീമിലേക്ക് വന്നത്. എന്നാൽ, ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വർഷത്തേക്ക് എന്നെ സെലക്ഷന് പോലും പരിഗണിച്ചില്ല,” വരുൺ പറഞ്ഞു.
ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും താരം വെളിപ്പെടുത്തി.”2021 ലെ ടി20 ലോകകപ്പിന് ശേഷം, ഇന്ത്യയിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ എനിക്ക് ഭീഷണി കോളുകൾ ലഭിച്ചു. ഞാൻ ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ചാൽ അതിന് അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. എന്റെ വീടും മറ്റും അവർ ട്രാക്ക് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് വരുമ്പോൾ ആളുകൾ ബൈക്കിൽ എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. പക്ഷേ ആരാധകർ വളരെ വൈകാരികമായി പ്രതികരിച്ചതാണെന്ന് എനിക്ക് മനസിലാകും,” വരുൺ പറഞ്ഞു.