വെബ് സീരിസിലും സിനിമകളിലും ബോൾഡ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച താരമാണ് ആദിതി പൊഹങ്കർ. ആശ്രം,ഷി എന്നീ വെബ് സീരിസുകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനിടെ തന്റെ ജീവിത്തിൽ പുരുഷന്മാരിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവർ വെളിപ്പെടുത്തി. സ്കൂൾ കാലഘട്ടത്തിലും മുംബൈയിലെ ലോക്കൽ ട്രെയിനിലുമുണ്ടായ അനുഭവങ്ങളാണ് അവർ പങ്കുവച്ചത്.
“എന്റെ അമ്മ ടീച്ചറായിരുന്നു. ഞങ്ങൾക്കൊരു സൊസൈറ്റി ബസുണ്ടായിരുന്നു. അതിലായിരുന്നു വരവും പോക്കും. അഞ്ചാം ക്ലാസ് കഴിഞ്ഞതിന് ശേഷം എന്റെ യാത്രകൾ തനിച്ചായി. ഒരുത്തനുണ്ടായിരുന്നു, അവൻ അമ്മയുടെ വിദ്യാർത്ഥിയായായിരുന്നു. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല, അവൻ ബാഗ് മറച്ചുവച്ച് സിപ്പ് ഊരിയ ശേഷം എന്നോട് നോക്കാൻ പറഞ്ഞു. നോക്കിയപ്പോൾ ഒന്നും മനസിലാകാതെ ഞാൻ ചിരിച്ചു, എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഞാൻ അവനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്”.
“അവന്റെ കണ്ണുകളിൽ എന്താണെന്ന് ഞാൻ കണ്ടു. ഇതോടെ ഞാൻ ഒച്ചയെടുത്തു, ബസിൽ എഴുന്നേറ്റ് നിന്നു. ഇവൻ തെറ്റായി എന്തോ കണിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. ഞെട്ടിയ അവൻ സിപ്പ് ഇടാൻ മറന്നു. ബസ് നിർത്തിയില്ല. ഇവന്റെ പാന്റ് ഊരി താഴെ വീണു. ഇതോടെ ഓടുന്ന ബസിൽ നിന്ന് അവൻ ഇറങ്ങിയോടി.ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞു. അവർ എന്നെ അഭിനന്ദിച്ചു”.
‘മറ്റൊരു സംഭവം മുബൈയിലെ ഒരു ലോക്കൽ ട്രെയിനിലായിരുന്നു. ഫസ്റ്റക്ലാസിലായിരുന്നു എന്റെ യാത്ര, 11-ാം ക്ലാസിലായിരുന്നു ആ സമയത്ത് പഠിക്കുന്നത്. ലേഡീസ് കമ്പാർട്ട്മെൻ്റിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കയറാമായിരുന്നു. സ്കൂൾ യൂണിഫോമിട്ട ഒരുത്തൻ കമ്പിയിൽ പിടിച്ച് നിൽപ്പുണ്ടായിരുന്നു. അവൻ ദാദർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ എന്റെ സ്വകാര്യഭാഗത്ത് കയറിപ്പിടിച്ചു. ഇത് പട്ടാപ്പകൽ നടന്ന സംഭവമായിരുന്നു. ഞാൻ വലിയാെരു ഷോക്കിലായിപ്പോയി”.
“അടുത്ത സ്റ്റേഷനിലിറങ്ങി പൊലീസിനെ സമീപിച്ചപ്പോൾ കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു ചോദ്യം. ഞാൻ അവനെ പൊലീസിന് കാട്ടിക്കൊടുത്തു. അവൻ എവിടെയാണോ നിന്നിരുന്നത് അവിടെയുണ്ടായിരുന്നു. പൊലീസ് എന്നോട് തെളിവാണ് ചോദിച്ചത്. അവൻ ചെയ്തതാണ് പറഞ്ഞത്, ഞാൻ എന്തിന് കള്ളം പറയണമെന്ന് ചോദിച്ചു.പിന്നീട് ഒരു ലേഡി കോൺസ്റ്റബിളിനൊപ്പം പോയി അവനെ കോളറിൽ തൂക്കിയെടുത്ത് സത്യം പറയിപ്പിച്ചു. അവന് എന്നേക്കാൾ രണ്ടോ മൂന്നോ വയസ് കുറവായിരുന്നു”—- ആദിതി പറഞ്ഞു.















