ഫിറോസാബാദ്: പാകിസ്താൻ ചാരസംഘടന ISI ഏജന്റുമായിഅതീവ രഹസ്യവിവരങ്ങൾ കൈമാറിയ ഫിറോസാബാദിലെ ആയുധ ഫാക്ടറി ജീവനക്കാരൻ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഹസ്രത്ത്പൂർ പ്രദേശത്തെ ആയുധ ഫാക്ടറിയിൽ ജോലി ചെയ്യുന്ന രവീന്ദ്ര കുമാറിനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് ചാരസംഘടന വിവരങ്ങൾ ചോർത്തിയത്.
ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് യു.പി എ.ടി.എസ് അഡീഷണൽ ഡയറക്ടർ ജനറൽ (എ.ഡി.ജി) നിലബ്ജ ചൗധരി പറഞ്ഞു. പാകിസ്താൻ ചാര പ്രവർത്തക ‘നേഹ’ എന്നറിയപ്പെടുന്ന വനിതാ ഹാൻഡ്‌ലറിന് സോഷ്യൽ മീഡിയയിലൂടെ രവീന്ദ്ര കുമാർ പ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിൽ രവീന്ദ്ര ഐഎസ്‌ഐ ഒരുക്കിയ ഹണി ട്രാപ്പിന് ഇരയായതായി കണ്ടെത്തി. ഫേസ്ബുക്കിൽ ‘നേഹ’ എന്ന് പരിചയപ്പെടുത്തിയ അക്കൗണ്ടുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ആയുധ ഫാക്ടറിയുടെ ദൈനംദിന ഉൽപാദന റിപ്പോർട്ട്, സ്റ്റോറുകളുടെ രസീത്, ക്രിമിനൽ സർക്കുലേഷനുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ രവീന്ദ്ര നേഹയുമായി പങ്കുവെച്ചിരുന്നു. ഐഎസ്‌ഐ മൊഡ്യൂൾ വളരെക്കാലമായി സജീവമാണെന്നും ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഹണിട്രാപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.















