കളിക്കളത്തിൽ നിന്നും വിടവാങ്ങിയ മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ അഭിനയ രംഗത്തേക്ക്. ഈ വർഷം മാർച്ച് 28 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ‘റോബിൻഹുഡ്’ എന്ന ദക്ഷിണേന്ത്യൻ ചിത്രത്തിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള ചുവടുവയ്പ്പ്. മൈത്രി മൂവി മേക്കേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിലാണ് താരം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന വാർത്ത സ്ഥിരീകരിച്ചത്.
“ഗ്രൗണ്ടിൽ തിളങ്ങി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഇനി വെള്ളിത്തിരയിലേക്ക്. ഏവരുടെയും പ്രിയപ്പെട്ട ഡേവിഡ് വാർണർ റോബിൻഹുഡിലൂടെ ഇന്ത്യൻ സിനിമയിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ, എല്ലാ ഫോർമാറ്റുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ഇടംകൈയ്യൻ ബാറ്റർക്ക്, 2025 സീസണിന് മുമ്പ് നടന്ന മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസികളിൽ നിന്നും കരാർ ലഭിച്ചിരുന്നില്ല. 2009 മുതൽ 2024 വരെ 383 മത്സരങ്ങളിൽ നിന്ന് വാർണർ 49 സെഞ്ച്വറികൾ ഉൾപ്പെടെ 18995 റൺസ് നേടിയിട്ടുണ്ട്.
അതേസമയം, ഈ വർഷം ദി ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റിനായി കളിക്കാനൊരുങ്ങുന്ന വാർണർ, ലോർഡ്‌സിൽ കളിക്കുമ്പോൾ ഇംഗ്ലണ്ടിലെ കാണികളുടെ വിമർശനങ്ങൾ നേരിടാൻ തയാറാണെന്ന് ബിബിസി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.















