ന്യൂഡൽഹി: വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ രഹസ്യ വിദേശയാത്രകളെ ചോദ്യം ചെയ്ത് ബിജെപി. വിശദാംശങ്ങൾ വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ ഒരു പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി, ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു.
“വിയറ്റ്നാമിൽ പുതുവത്സരം, ഹോളിയും വിയറ്റ്‌നാമിൽ? അദ്ദേഹത്തിന് വിയറ്റ്നാമിൽ ചെലവഴിക്കാൻ 22 ദിവസം സമയം നൽകിയതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ പോലും അത്രയും സമയം അദ്ദേഹം ചെലവഴിച്ചിട്ടില്ല,” കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിയറ്റ്നാമിനോടുള്ള അസാധാരണ സ്‌നേഹത്തിൽ അദ്ദേഹം ആശങ്ക ഉന്നയിച്ചു.
ബിജെപി ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യയും രാഹുലിനെതിരെ രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ പതിവ് വിദേശയാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. “പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി നിർണായക സ്ഥാനം വഹിക്കുന്നു, പ്രത്യേകിച്ച് പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തിന്റെ നിരവധി രഹസ്യ വിദേശ യാത്രകൾ ഔചിത്യത്തെയും ദേശീയ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു,” അമിത് മാളവ്യ കുറിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിന്റെ ഏഴ് ദിവസത്തെ ദുഃഖാചരണ വേളയിൽ ദക്ഷിണേഷ്യൻ രാജ്യത്തേക്ക് പോയി മാസങ്ങൾക്കു ശേഷമാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ രാഹുൽ വീണ്ടും വിയറ്റ്നാമിലേക്ക് പോയിരിക്കുന്നത്. വിയറ്റ്നാമിന്റെ സാമ്പത്തിക മാതൃക പഠിക്കാൻ വേണ്ടിയാണ് രാഹുലിന്റെ യാത്രയെന്നാണ് കോൺഗ്രസിന്റെ ന്യായീകരണം.















