ആലപ്പുഴ: ഭരണതലത്തിൽ തിരുത്തൽ നടപടിയുമായി സിപിഎം. സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് തിരുത്തൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ പിആർഡി ചുമതലയിൽ നിന്ന് മാറ്റിയാണ് തുടക്കം. നടപടി കരാറുകളുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നതോടെയാണ് പ്രസ് സെക്രട്ടറി പി എം മനോജിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) ചുമതലയിൽ നിന്ന് മാറ്റിയത്.
പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിആർഡി ചുമതലയിൽ നിന്ന് മാറ്റി പാർട്ടി ആവശ്യം ഒതുക്കുകയായിരുന്നു. ഡപ്യൂട്ടി ഡയറക്ടർമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്റെ കേരളം, കേരളീയം, നവകേരള സദസ് എന്നീ പരിപാടികളുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ നിരീക്ഷിക്കാൻ തുടങ്ങിയത്.
പിആർഡി കരാറുകൾ മനോജിന്റെ മകന്റെ ഉൾപ്പെടെ ഇഷ്ടക്കാർക്ക് ലഭിക്കുന്നത് വാർത്തയായിരുന്നു. പിആർഡി പരസ്യ കരാറുകളിലും ഡോക്യുമെന്ററി നിർമാണത്തിലും ഇടപെടലുണ്ടെന്നും ആരോപണമുയർന്നു. പിആർഡി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും സ്‌ഥലം മാറ്റത്തിലുമൊക്കെ ഇവരുടെ ഇടപെടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.