നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്‌ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ച സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ക്രൂ-10 ദൗത്യസംഘം സഞ്ചരിച്ച സ്പേസ്എക്സ് ഡ്രാഗൺ പേടകം ഉണ്ടായിരുന്നത്. ഇത് ISSൽ വിജയകരമായി ഡോക്ക് (Space Docking) ചെയ്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ക്രൂ-10 സഞ്ചരിച്ച പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആണ് ഡോക്കിംഗ്.
പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഡ്രാഗൺ പേടകത്തിൽ നിന്ന് നാലംഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ഇനി അധികം വൈകാതെ സുനിതയും വിൽമോറും മറ്റ് രണ്ട് പേരുമടങ്ങുന്ന (ക്രൂ-9) നാലംഗ ബഹിരാകാശ യാത്രികസംഘം ഡ്രാഗണിലേക്ക് പ്രവേശിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരികയുമാണ് ചെയ്യുക. മാർച്ച് 19ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൂ-10 ദൗത്യത്തിൽ നാസയുടെ ബഹിരാകാശ യാത്രികരായ നാല് പേരാണുള്ളത്.
അമേരിക്കക്കാരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവരുമാണ് ക്രൂ-10ൽ ഉൾപ്പെടുന്നത്. ഇവർ അടുത്ത ആറ് മാസത്തോളം ബഹിരാകാശ നിലയത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. ISSൽ നിലവിലുള്ള 72 അംഗ സംഘത്തോടൊപ്പം ഇവരും ചേർന്നു പ്രവർത്തിക്കും.

ഒമ്പത് മാസം മുൻപായിരുന്നു ഇന്ത്യൻ വംശജ സുനിതയും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ ഹീലിയം ചോർച്ച ഉൾപ്പടെയുള്ള സാങ്കേതിക തകരാർ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടർന്ന് ഒമ്പത് മാസത്തോളം അവർക്ക് ISSൽ കഴിയേണ്ടി വന്നു. നിശ്ചയിച്ചതിലും കൂടുതൽ കാലം രണ്ടുപേർക്കും ISSൽ തങ്ങേണ്ടി വന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇരുവരേയും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പലതവണ നടന്നെങ്കിലും ഒടുവിൽ ക്രൂ-10 ദൗത്യമാണ് ഫലം കണ്ടത്.