മംഗളൂരുവിൽ തോക്കും ഉണ്ടകളും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പിടിയിലായവർ മലയാളികൾ. കാസർകോട് സ്വദേശികളായ നൗഫൽ, മൻസൂർ, അബ്ദുൾ ലത്തീഫ്, മുഹമ്മദ് അസ്ഗർ, മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാസർകോട് സ്വദേശി അബ്ദുൾ ഫൈസലിനെ (26) കൂടി മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് കടമ്പാർ സ്വദേശിയാണ് ഇയാൾ. കേരളാ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
മൂന്ന് തോക്കുകളും ആറ് ബുള്ളറ്റുകളും 12.8 കിലോ കഞ്ചാവുമായി അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് മംഗളൂരുവിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ അഞ്ച് പേരിൽ രണ്ട് പേർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു.
മൂന്ന് വ്യത്യസ്ത കേസുകളിലായി മാർച്ച് 12, 13 ദിവസങ്ങളിലായാണ് അഞ്ച് പേർ അറസ്റ്റിലായത്. കാസർകോട് മംഗൽപ്പാടി, പൈവളിഗ, മഞ്ചേശ്വരം, ഭീമനടി സ്വദേശികളാണ് ഇവർ. വിവിധ കേസുകളിൽ പ്രതികളാണെങ്കിലും ഇവർ ഒരേ ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. ആയുധം കൈവശം വച്ചത് എന്തിനാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കേരളത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ നേരത്തെ പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായവർ.















