സന: യെമനിലെ ഹൂതി വിമതർക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 31 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് അമേരിക്കയുടെ വ്യോമാക്രമണം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരം നടത്തിയ സൈനിക നടപടിയിൽ ഇറാൻ പിന്തുണയോടെ യെമനിൽ പ്രവർത്തിക്കുന്ന ഹൂതികൾ കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഹൂതികൾ അടങ്ങിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹൂതികളുടെ പ്രധാന പിന്തുണയും സ്രോതസ്സുമായ ഇറാനും ട്രംപ് താക്കീത് നൽകിയിട്ടുണ്ട്. ഹൂതികളെ പിന്തുണയ്‌ക്കുന്ന ഇറാന്റെ നടപടി എത്രയും വേഗം നിർത്തലാക്കണമെന്നാണ് അമേരിക്കയുടെ താക്കീത്. ഇല്ലെങ്കിൽ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നും അക്കാര്യത്തിൽ അമേരിക്കയുടെ ഇടപെടൽ അത്ര മാന്യമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
എല്ലാ ഹൂതി ഭീകരരോടുമായി പറയുകയാണ്, നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങൾ ഇന്നുമുതൽ ആക്രമണം നിർത്തിക്കോളൂ. ഇല്ലെങ്കിൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം നിങ്ങളിൽ നരകം വർഷിക്കും. – ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു.
ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയ ജനുവരി 20ന് ശേഷം ഇതാദ്യമായാണ് ഹൂതികൾക്ക് നേരെ വൻ സൈനിക നടപടിയുണ്ടാകുന്നത്. ഹൂതികളെ വിദേശഭീകരസംഘടനയുടെ ഗണത്തിൽ അമേരിക്ക ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ച 2023ന് ശേഷം അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കും വ്യാപാരകപ്പലുകൾക്കും നേരെ കടുത്ത ആക്രമണമാണ് ഹൂതികൾ അഴിച്ചുവിട്ടിരുന്നത്. യുദ്ധക്കപ്പലുകൾക്ക് നേരെ 174 തവണയും വ്യാപാര കപ്പലുകൾക്ക് നേരെ 145 തവണയും ആക്രമണം നടന്നു. ഇതിനുള്ള മറുപടിയായിരുന്നു ശനിയാഴ്ച അമേരിക്ക നൽകിയത്.
എന്നാൽ അമേരിക്ക ചെയ്തത് യുദ്ധക്കുറ്റമാണെന്ന് ഹൂതികളുടെ പൊളിറ്റിക്കൽ ബ്യൂറോ വിശേഷിപ്പിച്ചു. ഞങ്ങളുടെ യെമനി സായുധ സേന സർവ്വസന്നാഹങ്ങളുമായി സജ്ജമാണെന്നും പ്രത്യാക്രമണം ഉണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചു.
യെമന്റ് തലസ്ഥാനമായ സനയിലും ഹൂതികളുടെ ശക്തികേന്ദ്രമായ സാദയിലും അൽബൈദ, റാദ എന്നിവിടങ്ങളിലുമാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് ഹൂതികളുടെ അവകാശവാദം.