ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങി പാകിസ്താൻ. സൽമാൻ ആഘയുടെ നേതൃത്വത്തിലുള്ള പാക് ടീമിനെതിരെ ന്യൂസിലൻഡ് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ക്രിസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താൻ 18.4 ഓവറിൽ 91 റൺസിന് ഓൾ ഔട്ടായി. അതേസമയം ആതിഥേയരായ കിവീസ് വെറും 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഒരിടവേളയ്‌ക്ക് ശേഷം കിവീസ് ടീമിലേക്ക് തിരിച്ചെത്തിയ കെയ്ൽ ജാമിസൺ പാകിസ്താനെ അഞ്ചോവറിൽ 11 ന് 4 നിലയിൽ ചുരുക്കി. 8 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തി ജേക്കബ് ഡഫിയും വിക്കറ്റ് വേട്ട തുടർന്നു. പാകിസ്താന്റെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. നായകൻ സൽമാൻ ആഘയും ഖുഷ്‌ദിൽ ഷായും ചേർന്ന് നേടിയ 46 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്കോർ 91 ലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ ടിം സീഫർട്ട് 29 പന്തിൽ ൭ ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 44 റൺസ് നേടി ശക്തമായ തുടക്കം നൽകി. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ കിവീസ് വിജയലക്ഷ്യം മറികടന്നു. വിജയം ഉറപ്പിക്കാൻ ന്യൂസിലൻഡിന് വേണ്ടി വന്നത് വെറും 61 പന്തുകൾ. ഫിൻ അലൻ 29 ഉം ടിം റോബിൻസൺ 18 ഉം റൺസ് നേടി പുറത്താകാതെ നിന്നു. രണ്ടാം ടി ൨൦ മത്സരം ചൊവ്വാഴ്ച ഡുനെഡിനിൽ നടക്കും.