ഇസ്ലാമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബലോച് വിമതർ (Baloch insurgents) നടത്തിയ ആക്രമണത്തിൽ ഏഴ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോവുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
പാക് ഭരണകൂടം റിപ്പോർട്ട് ചെയ്യുന്നത് ഏഴ് മരണമാണെങ്കിലും ബലൂച് പോരാളികളുടെ കണക്ക് മറ്റൊന്നാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലോച് ലിബറേഷൻ ആർമി, 90 പട്ടാളക്കാരെ വധിച്ചതായി അവകാശപ്പെട്ടു,
പാക് ഭരണകൂടം പറയുന്നതിങ്ങനെ.. “ഏഴ് ബസും രണ്ട് വാഹനങ്ങളുമാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു ബസ് പൂർണമായും പൊട്ടിത്തെറിച്ചു. ഐഇഡി സ്ഫോടനമായിരുന്നു. ഇത് ചാവേർ ആക്രമണമാണെന്നാണ് സൂചന. മറ്റൊരു ബസിന് നേർക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (RPGs) ആക്രമണമാണ് ഉണ്ടായത്. സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻതന്നെ സൈനിക ഹെലികോപ്റ്റർ വിന്യസിച്ച് രക്ഷാദൗത്യം നടത്തി. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്.”
ഐഇഡി നിറച്ചുവന്ന വാഹനം സൈനികരുടെ ബസിനെ ഇടിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നോഷ്കി സ്റ്റേഷൻ എസ്എച്ച്ഒ സഫറുള്ള സുലേമാനി പ്രതികരിച്ചു.
അതേസമയം ബിഎൽഎ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ബലോച് ആർമിയുടെ ഫിദായീ യൂണിറ്റായ (Fidayee unit) മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയത്. നോഷ്കിയിലെ ആർസിഡി ഹൈവേയിൽ വച്ച് രഖ്ഷൻ മില്ലിന് സമീപമായിരുന്നു ആക്രമണം. എട്ട് ബസുകൾ അടങ്ങുന്ന സൈനിക വാഹനവ്യൂഹത്തിലെ ഒരു ബസ് പൂർണമായും തകർത്തു. ആദ്യ ആക്രമണത്തിന് തൊട്ടുപിന്നാലെ ബിഎൽഎയുടെ ഫത്തേ സ്ക്വാഡ് മറ്റൊരു ബസ് ആക്രമിച്ചു. 90 ശത്രുക്കളെ വകവരുത്തി.
440 യാത്രക്കാരുമായി പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചിയതിന് പിന്നാലെയാണ് ബലോച് പോരാളികളുടെ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബലോചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.















