കൊല്ലം: കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിൽ നടന്ന തിരുവാതിര മഹോത്സവം സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ഗായകൻ അലോഷിയുടെ മേൽപഴിചാരി സംഭവത്തിൽ നിന്ന് തടിയൂരാൻ ശ്രമിച്ച് ക്ഷേത്ര ഉപദേശക സമിതി. പരിപാടിയിൽ വിപ്ലവ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എൽഇഡി സ്ക്രീനിൽ പാർട്ടി പതാക പ്രദർശിപ്പിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്നും ക്ഷേത്ര ഉപദേശക സമിതി പ്രതികരിച്ചു.
പ്രേക്ഷകർ നിർദേശിച്ച ഗാനമാണ് അലോഷി പാടിയത്, അതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റിയുടെ അറിവോടെയല്ല, പാർട്ടി പതാക എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചത്. നടപടി ഖേദകരമാണ്, ദേവസ്വത്തിന്റെ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ കടയ്‌ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷവും വിപ്ലവഗാനങ്ങൾ പാടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ക്ഷേത്ര വേദിയിലെ സ്‌ക്രീനിൽ സിപിഎം പതാകയും ചിഹ്നവും കഴിഞ്ഞ വർഷവും പ്രദർശിപ്പിച്ചിരുന്നു. ക്ഷേത്രത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായുള്ള വേദിയാക്കി സിപിഎം നിരന്തരം മാറ്റിയിരുന്നുവെന്നതിന്റെ തെളിവുകൾ ഭാരവാഹികൾക്ക് തിരിച്ചടിയാകും. ഗായിക ഗൗരി ലക്ഷ്മി “ബലികുടീരങ്ങളെ: എന്ന പാട്ടുപാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ പാട്ടുപാടുന്ന വേളയിൽ സിപിഎമ്മിന്റെ പതാക വേദയിലെ എൽഇഡി സ്ക്രീനിൽ പാറിപ്പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതാദ്യമായി നടന്ന നിർഭാഗ്യകരമായ സംഭവമെന്ന രീതിയിലായിരുന്നു അലോഷിയുടെ ഗാനമേളയെ ക്ഷേത്ര ഉപദേശക സമിതി വിശദീകരിച്ചത്.