ക്രൂ-10 ദൗത്യ സംഘം ഇതാ ബഹിരാകാശ നിലയത്തിലെത്തിക്കഴിഞ്ഞു. ഇനി സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 സംഘത്തിന്റെ മടക്കയാത്ര എപ്പോഴാകുമെന്നാണ് ചോദ്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒമ്പത് മാസത്തോളം ISSൽ തങ്ങേണ്ടി വന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ക്രൂ-9 ദൗത്യസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും വൈകാതെ ഭൂമിയിലെത്തുമെന്നാണ് നാസ അറിയിക്കുന്നത്. മാർച്ച് 18ന് ഇന്ത്യൻ സമയം രാവിലെ 10.35ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-9 ദൗത്യസംഘം ഭൂമിയിലേക്ക് പുറപ്പെടും. മാർച്ച് 19ന് പുലർച്ചെ 3.27ന് അവർ നീലഗ്രഹത്തിൽ പതിക്കും.
ക്രൂ-10 ദൗത്യസംഘത്തെ ബഹിരാകാശ നിലയത്തിൽ എത്തിച്ച സ്പേസ്എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് മടക്കയാത്ര. ഇത് യുഎസ് കടൽതീരത്താണ് വന്ന് പതിക്കുക. ഇനി ഭൂമിയിലെത്തിക്കഴിഞ്ഞാലോ……???

ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നതാണെങ്കിലും സുനിതയും സംഘവും നേരിടാൻ പോകുന്നത് വേദനയുടെ നാളുകൾ കൂടിയാണ്. കഴിഞ്ഞ ഒമ്പത് മാസമായി മൈക്രോ-ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണം തീരെ കുറവ്) കഴിഞ്ഞതിനാൽ ഭൂമിയിലെത്തുന്ന ഇവർക്ക് സ്വന്തം ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പേശികളുടെ ബലക്ഷയവും എല്ലുകളുടെ ബലക്കുറവും ഇവരെ അടിമുടി ബാധിക്കും. അതിനാൽ ഒരു പെൻസിൽ എടുത്തുപൊക്കാൻ പോലും ഇവർക്ക് സാധിക്കില്ല.
മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാൽ ഇവർ ഭൂമിയിലെത്തുമ്പോൾ കൊച്ചുകുഞ്ഞുങ്ങളെ പോലെ പിച്ചവച്ചു നടക്കേണ്ടി വരുമെന്ന് സാരം. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ ”ബേബി ഫീറ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്. നിലത്തു കാലുകുത്തി നടക്കാതെ ഒമ്പത് മാസം ജീവിച്ചതിനാൽ ഇവരുടെ ചർമം അതീവ മൃദുലമായി മാറിയിട്ടുണ്ടാകും. കാലിനടിയിലെ ചർമ്മം പരുക്കനിൽ നിന്നുമാറി മൃദുവായതിനാൽ നടക്കാൻ ശ്രമിക്കുമ്പോൾ വലിയ പ്രയാസം തോന്നും. ബഹിരാകാശത്ത് കൂടുതൽ നാൾ തങ്ങുമ്പോൾ നട്ടെല്ലിന് അൽപം നീളം വെക്കുന്ന ഒരു പ്രതിഭാസം കൂടിയുണ്ട്. അതിനാൽ ഭൂമിയിലെത്തിക്കഴിയുമ്പോൾ കടുത്ത നടുവേദനയും പുറംവേദനയുമാകും ഇവർ അനുഭവിക്കുക. അതുകൊണ്ട് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരാൻ 45 ദിവസത്തെ പുനരധിവാസ പദ്ധതി തന്നെ നാസയ്‌ക്കുണ്ട്.
പേശീബലക്കുറവും എല്ലുബലം നഷ്ടമാകുന്നതിനും പുറമേ കാഴ്ചശക്തിയിലും ഹൃദയത്തിന്റെ പ്രവർത്തനത്തിലും കേൾവിശക്തിയിലുമെല്ലാം ബഹിരാകാശ യാത്രികർ പ്രയാസം നേരിടും. ഇതെല്ലാം പരിഹരിക്കാനുള്ള പുനരധിവാസ പദ്ധതിയാണ് ഇവർക്ക് നാസ നൽകുക. ശാരീരികാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നാസ നൽകുന്നതാണ്. ഭൂമിയിൽ വന്നുപതിക്കുന്ന ബഹിരാകാശ യാത്രികരെ നേരെ ആശുപത്രിയിലേക്കാകും കൊണ്ടുപോവുകയെന്ന് ചുരുക്കം.