ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ വലയിലാക്കി ദൗത്യസംഘം. വെടിവച്ച് വീഴ്ത്തിയ കടുവയെ പെരിയാർ സങ്കേതത്തിൽ എത്തിച്ചു. മയക്കുവെടിയാണോ വച്ചതെന്നും കടുവയ്ക്ക് ജീവനുണ്ടോയെന്നും വ്യക്തമല്ല.
കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് വെടിവെക്കാനുള്ള ദൂരപരിധിയിൽ ദൗത്യസംഘം എത്തിയത്. തുടർന്ന് കടുവയുടെ അടുത്ത് എത്തിയതോടെ ദൗത്യസംഘത്തിൽ ഉൾപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കടുവ ചാടിയടുത്തു. മനോധൈര്യം ചോരാതെ കടുവയെ മൂന്ന് റൗണ്ട് വെടിവച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ മയങ്ങിവീണ കടുവയെ ചാക്കിലാക്കി പിന്നീട് വാഹനത്തിൽ കയറ്റി തേക്കടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ആയിരുന്നു കടുവയറിങ്ങുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്തത്. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ തിങ്കളാഴ്ച പുലർച്ചെയും വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നിരുന്നു. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയേയുമാണ് കടുവ കൊന്നത്.
നിലവിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച കടുവയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകുമെന്നാണ് വിവരം. കടുവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരണം അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കടുവ ജീവനോടെയുണ്ടോയെന്ന കാര്യം അവ്യക്തമായി തുടരുകയാണ്.















