വേദനസംഹാരികൾ സ്ത്രീകളേക്കാൾ കൂടുതൽ ഫലം ചെയ്യുന്നത് പുരുഷൻമാർക്കെന്ന് പഠനം. ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങളും ശാരീരിക സവിശേഷതകളുമാണ് ഈ വ്യത്യാസത്തിന് കാരണം. വേദനസംഹാരികൾ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെയാണ് നൽകുന്നത്. എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തൽ.
വീട്ടുമാറാത്ത വേദനകൾ സ്ത്രീകൾക്കാണ് കൂടുതലായി അനുഭവപ്പെടുന്നത്. ഇബുപ്രോഫെൻ, സ്റ്റിറോയിഡുകൾ, ഒപിയോയിഡുകൾ പോലുള്ള വേദനസംഹാരികൾ സ്ത്രീകളിൽ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഗവേഷണത്തിൽ കണ്ടെത്തി.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ ശരീരത്തിൽ കൊഴുപ്പിന്റെ ശതമാനം കൂടുതലും ജലത്തിന്റെ ഘടന വ്യത്യസ്തവുമാണ്, ഇത് മരുന്നുകളുടെ വിതരണത്തെയും പ്ലാസ്മ സാന്ദ്രതയെയും ബാധിക്കും. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ വേദനയുടെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവചക്രത്തിലുടനീളം ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ വേദനയെ സ്വാധീനിക്കുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജഗദീഷ് ഹിരേമത്ത് പറഞ്ഞു.