ഇസ്ലാമബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പാക് അധീന പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും നേരിൽ കണ്ട് ഇസ്ലാമിക വിദ്വേഷ പ്രഭാഷകൻ സാക്കിർ നായിക്ക്. ഇരുവരുടെയും റൈവിന്ദിലെ വസതിയിൽ എത്തിയിരുന്നു കൂടിക്കാഴ്ച. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്.
ഇന്ത്യയിൽ നിന്ന് കടന്ന ശേഷം 2016 മുതൽ മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്കിന്റെ കൈമാറാൻ ഇന്ത്യ നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിച്ചതിനിടെയാണ് നായിക്കിന്റെ പാകിസ്താൻ സന്ദർശനം. ചർച്ചകളുടെ സ്വഭാവം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. നായിക്ക് പാകിസ്താനിൽ കൂടുതൽ ശ്രദ്ധേയനാകുന്ന സമയത്താണ് കൂടിക്കാഴ്ച. അടുത്തിടെ, മുൻ പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ഇയാളെ കാണുകയും കൂടിക്കാഴ്‌ചയെ “സന്തോഷം” എന്ന് വിശേഷിപ്പിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഈ പോസ്റ്റ് നിരവധി വിമർശനങ്ങൾക്കും ഇടയാക്കി.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) സ്ഥാപകനായ നായിക്, യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയും പ്രസംഗങ്ങളിലൂടെ വിഭാഗീയ വിദ്വേഷം വളർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. 2016 ലെ ധാക്ക കഫേ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങളുമായി നായിക്കിന് ബന്ധമുണ്ട്. നായിക്കിന്റെ പ്രസംഗങ്ങളിൽ പ്രചോദിതനായാണ് ആക്രമണമെന്ന് പ്രതികളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.
നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും ഐആർഎഫിനുള്ള പങ്ക് ചൂണ്ടിക്കാട്ടി, 2016-ൽ ഇന്ത്യൻ സർക്കാർ ഭീകരവിരുദ്ധ നിയമപ്രകാരം നായിക്കിന്റെ സംഘടനയെ നിരോധിച്ചിരുന്നു. മേഖലയിൽ വളർന്നുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾക്ക് അടിവരയിടുന്നതാണ് പാകിസ്താൻ മുതിർന്ന നേതാക്കളുമായുള്ള നായികിന്റെ സമീപകാല കൂടിക്കാഴ്ച.















