കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്രള്ളയുടെ ഫോട്ടോ ഫോണിലെ വാൾപേപ്പറാക്കിയ യുവഡോക്ടറെ യുഎസ് നാടുകടത്തി. ബ്രൗൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. റാഷ അലവീഹിനെയാണ് സ്വദേശമായ ലെബനനിലേക്ക് നാടുകടത്തിയത്.
‘ബൈ-ബൈ റാഷ’ എന്ന് കുറിപ്പൊടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. പ്രസിഡന്റ് ട്രംപ് ഡ്രൈവ്-ത്രൂ വിൻഡോയിൽ നിന്നും കൈവീശി കാണിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ബോസ്റ്റൺ ലോഗൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽവച്ചാണ് റാഷയെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു റാഷ എന്ന വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ഹിസ്ബുള്ള ഭീകരരുടെ ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.
എച്ച് -1 ബി വിസയിലാണ് 34 കാരി യുഎസിൽ താമസിച്ചിരുന്നത്. “വിസ ഒരു പദവിയാണ്, അവകാശമല്ല. അമേരിക്കക്കാരെ കൊല്ലുന്ന തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതും വിസ നിഷേധിക്കാനുള്ള കാരണമാണ്,” അധികൃതർ സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ പറഞ്ഞു.
തീവ്രവാദികളെ പിന്തുണയ്‌ക്കുന്നവർക്കതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് യുഎസ്. അടുത്തിടെ, കൊളംബിയ സർവകലാശാലയിലെ ഒരു പലസ്തീൻ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാർത്ഥിയുടെ വിസ റദ്ദാക്കുകയും ചെയ്തു.















