ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിംഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ മൻദീപ് നിർണായക സംഭാവന നൽകിയിരുന്നു. അതേസമയം ഉദിത പങ്കാളിയായ ഇന്ത്യൻ വനിത ടീമിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. മാർച്ച് 21ന് സിക്ക് ആചാര പ്രകാരം ഗുരുദ്വാരയിലാണ് വിവാഹം. 19 ന് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഹോക്കി ടീം അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
കഴിഞ്ഞ മാർച്ചിൽ മൻദീപ് സിംഗിനെ പഞ്ചാബ് പൊലീസിൽ ഡിഎസ്പിയായി നിയമിച്ചിരുന്നു. വിവാഹിതരാകുന്ന മൂന്നാമത്തെ ഒളിമ്പിക് ദമ്പതികളായിരിക്കും ഉദിതയും മൻദീപും. മിഥാപൂരിൽ ആഘോഷങ്ങൾ ആരംഭിച്ചു. കായിക ലോകത്തു നിന്നും മറ്റ് മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.