പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് വൈകിട്ട് നാലോടെയാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നീലയും കറുപ്പും വസ്ത്രം അണിഞ്ഞാണ് താരം സന്നിധാനത്ത് എത്തിയത്. ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ റിലീസിന് മുന്നോടിയായാണ് താരത്തിന്റെ ശബരിമല ദർശനം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ആദ്യ പ്രദര്‍ശനം 27ന് രാവിലെ 6നാകും ആരംഭിക്കുക.
അതേസമയം ആശിർവാദ് ഹോളിവുഡ് സംഘടിപ്പിച്ച ആദ്യത്തെ മോഹൻലാൽ മീറ്റിൽ നൂറുകണക്കിന് ആരാധകർ പങ്കെടുത്തിരുന്നു. ഇതിന്റെ ആവേശ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാനഡ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ, കൊളറാഡോ എന്നിവിടങ്ങളിലെ ആരാധകരെല്ലാം മീറ്റിനെത്തി. സിനിമയുടെ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. അമേരിക്കയിലെ 300 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുക.