കണ്ണൂർ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയത്താലാണ് കുഞ്ഞിനെ കിണറിലെറിഞ്ഞതെന്ന് കുട്ടി പറഞ്ഞു. പൊലീസിനോടും ഇത് തന്നെയാണ് കുട്ടി പറഞ്ഞത്.
12 വയസുകാരിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് കേസിന് നിർണായകമായത്. 12 കാരിക്ക് നേരത്തെയും കുഞ്ഞിനോട് ദേഷ്യമുണ്ടായിരുന്നു. കുഞ്ഞിനോടുള്ള സ്നേഹം തന്നോടില്ല എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണം ഉദ്യോഗസ്ഥർ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്ത് കിണറിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 കാരി. മാതാപിതാക്കളില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിക്കുന്നത്.
കണ്ണൂർ പാപ്പിനിശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ക്വാട്ടേഴ്സിലെ കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 12 കാരിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.