എറണാകുളം: കളമശേരി ഗവൺമെന്റ് പോളിടെക്നിക്കൽ കോളേജിൽ കഞ്ചാവ് എത്തിച്ച പ്രതികൾ പിടിയിൽ. അതിഥിതൊഴിലാളികളായ എഹിന്ത, സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കളമശേരി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
കോളേജ് ഹോസ്റ്റലിലേക്ക് നാല് പാക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിവസക്കൂലിക്കാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. ഒരു ദിവസം ആയിരം രൂപയാണ് പ്രതിഫലമായി പ്രതികൾക്ക് വിദ്യാർത്ഥികൾ നൽകിയിരുന്നത്. പ്രതികളിലൊരാൾ കഞ്ചാവിന്റെ ഹോൾസെയിൽ ഡീലറാണ്.
കൊല്ലം, ആലപ്പുഴ സ്വദേശികളായ വിദ്യാർത്ഥികളുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോയും ആദിത്യൻ, അഭിരാജ് എന്നിവരുടെ മുറിയിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തത് അറസ്റ്റിലായ അതിഥി തൊഴിലാളികളാണ്. കോളേജ് ഹോസ്റ്റലിൽ ഏഴ് തവണ പ്രതികൾ കഞ്ചാവ് എത്തിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ വിദ്യാർത്ഥികൾ മൊഴി നൽകി. യുപിഐ വഴി 16,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയതെന്ന് കണ്ടെത്തി. ആറ് മാസം മുമ്പാണ് പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങാൻ തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.















