തിരുവവനന്തപുരം: സ്കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും ഉൾപ്പെടെ നാല് പേരെ വിജിലൻസ് പിടികൂടി. പരാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയത് ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂളിലെ പിടിഎ പ്രസിഡന്റും ഉൾപ്പെടെയുള്ളവരുമാണ് പണം വാങ്ങവെ പിടിയിലായത്.15 ലക്ഷമാണ് ആവശ്യപ്പെട്ടത്. എറണാകുളം പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ പിടിഎ സംഘമാണ് പിടിയിലായത്.
‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ’ ഭാഗമായി എറണാകുളം മദ്ധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇവർ അകപ്പെട്ടത്. ഏറണാകുളം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പ്രസാദ്, ഇപ്പോഴത്തെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ അല്ലെഷ്, തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു ടൂവീലർ ഷോറൂം മാനേജരായ രാകേഷ് റോഷൻ എന്നിവരാണ് പിടിയിലായത്. അദ്ധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതി പിൻവലിക്കാനായിരുന്നു കൈക്കൂലി.
പണം നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്‌ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അദ്ധ്യാപകനോട് ആവശ്യപ്പെട്ടത്.ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.















