ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ധനശ്രീ വർമ വിവാഹമോചന കേസിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത്. ധനശ്രീക്ക് 4 കോടി 75 ലക്ഷം രൂപ ജീവനാംശം നൽകാൻ താരം സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. ചഹൽ ഇതുവരെ രണ്ടുകോടി 37 ലക്ഷം രൂപ നൽകിയെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. രണ്ടരവർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. നാളെ വിവാഹമോചന അപേക്ഷയിൽ ഒരു തീരുമാനം പറയണമെന്ന് കുടുംബ കോടതിക്ക് ബോംബൈ ഹൈക്കോടതി നിർദ്ദേശം നൽകി.
ചഹലിന്റെ ഐപിഎൽ പങ്കാളിത്തം മുൻനിർത്തിയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് മാധവ് ജാംദറുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. വിവാഹ ബന്ധത്തിലെ പ്രശ്നം തീർക്കാൻ ആറുമാസം കൗൺസിലിംഗിന് വിധേയരാകണമെന്ന കുടുംബ കോടതിയുടെ നിർദ്ദേശവും ബോംബൈ ഹൈക്കോടതി തള്ളി. ഇരുവരുടെയും അപേക്ഷ പരിഗണിച്ചാണിത്. ഇരുകക്ഷികളും വിവാഹമോചനമാണ് ഒത്തുതീർപ്പെന്ന് കരുതുന്നുവെങ്കിൽ ആറുമാസത്തെ കൗൺസിലിംഗ് സമയപരിധി ഒഴിവാക്കാമെന്ന് സൂപ്രീം കോടിതിയുടെ നിർദ്ദേശവുമുണ്ട്. ശേഷിക്കുന്ന ജീവനാംശം വിവാഹമോചനത്തിന് ശേഷം ചഹൽ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.