74 വയസ്സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഊർജ്ജസ്വലതയും ആരോഗ്യവും കൊണ്ട് ഇപ്പോഴും രാഷ്‌ട്രീയ നേതാക്കൾക്കിടയിൽ റോൾ മോഡലാണ്. യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്‌മാനുമായുള്ള അഭിമുഖത്തിൽ 50 വർഷത്തിലേറെയായി പിന്തുടരുന്ന തന്റെ ഫിറ്റ്നസ് ദിനചര്യ വെളുപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.
ജൂൺ പകുതിയോടെ ആരംഭിച്ച് ദീപാവലി കഴിയുന്നതുവരെ നാല് മാസം നീണ്ടുനിൽക്കുന്ന ഉപവാസ കാലയളവായ ചാതുർമാസ് എന്ന പുരാതന ഇന്ത്യൻ പാരമ്പര്യമാണ് താൻ പിന്തുടരുന്നതെന്ന് മോദി പറഞ്ഞു. “ഈ സമയത്ത്, ഞാൻ 24 മണിക്കൂറിനുള്ളിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കൂ,” മഴക്കാലത്ത് ദഹനം മന്ദഗതിയിലാകുമെന്നതിനാൽ ഈ രീതി ശരീരത്തിന് പ്രയോജനകരമാകുന്നു. നവരാത്രി വ്രതത്തിന്റെ ഭാഗമായി ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുകയും ഒമ്പത് ദിവസം ചൂടുവെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുന്നത് എല്ലായ്പ്പോഴും തന്റെ ദിനചര്യയുടെ ഭാഗമാണെന്നും കാലക്രമേണ ഇത് തന്റെ ജീവിതശൈലയുമായി പൊരുത്തപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. ഈ സമായത്ത് അദ്ദേഹം ഒമ്പത് ദിവസത്തേക്ക് ഒരുതരം പഴം മാത്രം കഴിക്കുന്നു. “ഞാൻ പപ്പായ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒമ്പത് ദിവസവും ഞാൻ പപ്പായ മാത്രം കഴിക്കും. മറ്റൊന്നും തൊടില്ല,” അദ്ദേഹം വിശദീകരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണ് ഉപവാസമെന്ന് മോദി പറഞ്ഞു.
ഉപവാസത്തിന്റെ ഗുണങ്ങളെക്കുറിച്ചും മോദി വാചാലനായി. ഉപവാസം ശരീരത്തെ ദുർബലപ്പെടുത്തുമെന്ന പൊതുധാരണയെ മാറ്റിവച്ച്, മനസിനെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായിട്ടാണ് മോദി അതിനെ കാണുന്നത്. “നിങ്ങൾ ഉപവസിക്കുമ്പോൾ, ഗന്ധം, സ്പർശനം, രുചി തുടങ്ങിയ നിങ്ങളുടെ ഇന്ദ്രിയങ്ങൾ വളരെ സെൻസിറ്റീവ് ആകും. എനിക്ക്, ഉപവാസം ഒരുതരം സ്വയം അച്ചടക്കമാണ്. അത് ഒരു സമർപ്പണ പ്രവൃത്തിയാണ്. അത് എന്നെ മന്ദഗതിയിലാക്കുന്നില്ല, അത് എന്നെ കൂടുതൽ മൂർച്ചയുള്ളവനാക്കുന്നു.” മോദി പറഞ്ഞു.















