കൊച്ചി: ഗുരുവായൂരിൽ തുളസിത്തറയെ അപമാനിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സാമൂഹ്യ വിരുദ്ധ പ്രവൃത്തി ചെയ്ത അബ്ദുൾ ഹക്കീമിനെതിരെ പൊലീസ് നിയമാനുസൃത നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം തുളസിത്തറ പുണ്യമായ ഇടമാണെന്നും തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവം ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വസ്തുതകൾ പരിശോധിക്കുമ്പോൾ അബ്ദുൾ ഹക്കീമിന് മാനസിക പ്രശ്നമുള്ളതായി വ്യക്തതയില്ല. മാനസിക പ്രശ്നമുണ്ടെങ്കിൽ ഹോട്ടലിന്റെ ലൈസൻസ് ഉടമയായി എങ്ങനെയാണ് തുടരാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.
അബ്ദുൾ ഹക്കീമിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതിൽ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. ഹക്കീം തുളസിത്തറയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാജ് കൈമളിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ പരാമർശം. ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചിരുന്നു.















