വാഷിംഗ്ടൺ: യെമനിൽ ഇറാന്റെ പിന്തുണയോടെ തുടരുന്ന ഹൂതി വിമതരെ “സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന്” യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കുള്ള സഹായം നിർത്തണമെന്ന് ടെഹ്റാന് ട്രംപ് മുന്നറിയിപ്പും നൽകി. യെമനിൽ ഹൂതികൾക്കെതിരെ സൈനിക നടപടി തുടരുന്നതിനിടെയാണ് യുഎസിന്റെ ആവർത്തിച്ചുള്ള താക്കീത്.
ഇറാൻ ഉടൻ തന്നെ ഹൂതികൾക്കുള്ള സഹായം നിർത്തലാക്കണം. ഹൂതികൾ സ്വയം പോരാടട്ടെ, എന്തായാലും അവർ പരാജയപ്പെടും. ഈ രീതിയിലാണെങ്കിൽ അത് പെട്ടെന്നുതന്നെയുണ്ടാകും. – ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഹൂതികൾക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങളുടെയും പൊതുവായ പിന്തുണയുടെയും അളവും തീവ്രതയും ഇറാൻ കുറച്ചെങ്കിലും ഇപ്പോഴും “വിതരണം” നടക്കുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്
2023 ഒക്ടോബർ 7ന് ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ജനുവരിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ, ഹമാസിന് ഐക്യദാർഢ്യവുമായി ഹൂതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ചെങ്കടലിലൂടെ കടന്നുപോകുന്ന വ്യാപാര കപ്പലുകളെ ഹൂതികൾ ലക്ഷ്യം വച്ചു. ഇക്കൂട്ടത്തിൽ അനവധി യുഎസ് യുദ്ധക്കപ്പലുകളും വ്യാപാരക്കപ്പലുകളും തകർന്നിരുന്നു. ഇതോടെയാണ് ഹൂതികളെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ട്രംപ് ഇറങ്ങിപ്പുറപ്പെട്ടത്.
തുടർന്ന് യെമന്റെ തലസ്ഥാനമായ സന ഉൾപ്പടെ പലയിടങ്ങളിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് ഇപ്പോൾ ട്രംപ് നൽകിയിരിക്കുന്ന താക്കീത്.