“ട്രെയിലർ അങ്ങോട്ട് ഇറക്കി വിട് അണ്ണാ…” പ്രേക്ഷകരുടെ നിരന്തരമുള്ള ആവശ്യപ്പെടലിന് പിന്നാലെ സിനിമാസ്വാദകരെ ഞെട്ടിച്ചുകൊണ്ട് എമ്പുരാൻ ട്രെയിലർ എത്തിയത് അർദ്ധരാത്രി. ഒരു മണിക്കൂറുകൾ കൊണ്ട് സോഷ്യൽമീഡിയയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതാണ് എമ്പുരാൻ ട്രെയിലർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ബോളിവുഡ്, ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗും ആക്ഷൻസും കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ട്രെയിലർ.
അർദ്ധരാത്രി എത്തിയ ട്രെയിലർ ഇതുവരെ 30 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അബ്രാം ഖുറേഷിയുടെ രണ്ടാം വരവ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുമെന്ന് വ്യക്തമാക്കുന്നതാണ് എത്തിയ ട്രെയിലർ. ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയർത്തിയാണ് എമ്പുരാൻ ട്രെയിലർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ട്രെയിലർ റിലീസ് ചെയ്തു.
അതിഗംഭീര മേക്കിംഗാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ കമന്റ്ബോക്സിൽ അഭിനന്ദനപ്രവാഹമാണ്. “ഇന്റർനാഷ്ണൽ ലെവൽ സിനിമയായിരിക്കും, തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം, മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ വലിയ ഹിറ്റാകും, തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പാണ്” – എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.
തെന്നിന്ത്യൻ സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമിച്ച എമ്പുരാൻ മാർച്ച് 27-ന് ആഗോള റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുക.