റായ്പൂർ: ഛത്തീസ്ഗഢിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ബിജാപൂർ ജില്ലാ റിസർവ് ഗാർഡിലെ ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തതായി ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു.
രണ്ട് ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. വൻ ആയുധശേഖരവും സ്ഥലത്ത് നിന്ന് പിടികൂടിയിട്ടുണ്ട്. വനാതിർത്തി പ്രദേശങ്ങളായ ബിജാപൂർ, ദന്തേവാഡ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡിന്റെ വിയോഗത്തിൽ ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ അനുശോചനം രേഖപ്പെടുത്തി. ബസ്തറിലെ ജവാന്മാരെയും ബിജാപൂരിലെ മുഴുവൻ ടീമിനെയും താൻ അഭിനന്ദിക്കുന്നുവെന്നും ഇത് സൈനികരുടെ ധീരതയെയും ശക്തിയെയുമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയായിരുന്നു ബിജാപൂർ, ദന്തേവാഡ ജില്ലാതിർത്തിയിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഛോട്ടേബേതിയയിലെ കോരോസ്കോഡോ ഗ്രാമത്തിന് സമീപത്തായിരുന്നു ഏറ്റുമുട്ടൽ.