കൊച്ചി: ‘പണി’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത്തിയാണ് അതിക്രമിച്ചത്. പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ശ്രീരാജ് പ്രദേശത്തെ കുപ്രസിദ്ധനായ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമാണ്. ഒരാഴ്‌ച മുൻപാണ് സംഭവം. ഉറങ്ങിക്കിടന്ന യുവാവിനെ ഇയാൾ കത്തികാട്ടി ഭീഷണിപെടുത്തുകയും വീടിന് പുറത്തെത്തിച്ച് മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കാലുതല്ലിയൊടിക്കുകയും ചെയ്തു. അക്രമശേഷം ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ആക്രമിച്ചയാളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു.
തനിക്ക് അടുപ്പം തോന്നിയ പെൺകുട്ടിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്ന് പൊലീസിന് മൊഴി നൽകിയത്. അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ എന്ന സിനിമയിലെ ഡേവി എന്ന കഥാപാത്രത്തെ വില്ലൻ കൊലപ്പെടുത്തുന്ന രീതിയാണ് അനുകരിച്ചത്.















