കണ്ണൂർ: ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ രജീഷ് ഉൾപ്പടെയുള്ള 9 പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജും കുറ്റക്കാരനാണ്. ടി കെ രജീഷും മനോരാജ് നാരായണനും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞിരുന്നു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കണ്ടെത്തി. പത്താം പ്രതി നാഗത്താൻ കോട്ട പ്രകാശനെ കോടതി വെറുതെവിട്ടു. 2005ൽ നടന്ന സംഭവത്തിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി രവീന്ദ്രൻ എന്നിവർ സംഭവശേഷം മരിച്ചു. എൻ.വി യോഗേഷ്, എരഞ്ഞോളി അരങ്ങേറ്റു പറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ്, മുഴപ്പിലങ്ങാട്ടെ സജീവൻ, പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ, പുതുശ്ശേരി ഹൗസിൽ കെ.വി. പദ്‌മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, പുതിയ പുരയിൽ പ്രദീപൻ എന്നിവരാണ് നിലവിലെ പ്രതികൾ.
മുഴപ്പിലങ്ങാട് എളമ്പിലായി സൂരജ് വധത്തിൽ 20 വർഷത്തിന് ശേഷമാണ് കോടതി വിധിയുണ്ടായത്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു അരുംകൊല. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. 32-കാരനായ സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പ്രതികാര വീട്ടിയതായിരുന്നു പ്രതികൾ.