എണാകുളം: പെരുമ്പാവൂർ കുറുപ്പുംപടി പീഡനകേസിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്
2023 ജൂൺ മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായിട്ടുണ്ട്. വിവരം പുറത്ത് വന്നതിന് പിന്നാലെ അമ്മയുടെ പങ്കും പൊലീസ് സംശയിച്ചിരുന്നു. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രച്ചെന്നാണ് ആദ്യം പ്രതി നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് തള്ളി. ധനേഷ് ലൈംഗിക വൈകൃതത്തിന് അടിമായാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മയുടെ കാമുകൻ പീഡിപ്പിച്ചത്. സംഭവത്തിൽ അയ്യമ്പുഴ സ്വദേശി ധനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അച്ഛൻ മരിച്ചതോടെയാണ് ധനേഷ് ഈ കുടുംബവുമായി അടുക്കുന്നത്. അച്ഛൻ രോഗിയായിരുന്ന കാലത്ത് ആശുപത്രിയിൽ പോകാനും മറ്റ് അടിയന്തര യാത്രകൾക്കും കുടുംബം വിളിച്ചിരുന്നത് ധനേഷിന്റെ ടാക്സിയായിരുന്നു. ഈ സമയത്ത് പെൺകുട്ടികളുടെ അമ്മയുമായിട്ടുണ്ടായിരുന്ന പരിചയം സൗഹൃദമായി വളർത്തി. കുട്ടികളുടെ അച്ഛൻ മരിച്ചതിന് ശേഷം അടുപ്പം കൂടുതൽ ആഴത്തിലുള്ളതായി. ശനി, ഞായർ ദിവസങ്ങളിൽ ഇയാൾ കുട്ടികളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
രണ്ടാനച്ഛനെ പോലെ ഇടപഴകിയ ധനേഷ് വീട്ടിൽ താമസമാക്കിയതിന് ശേഷമാണ് പീഡിപ്പിക്കാൻ തുടങ്ങിയത്. ഇതിനിടെ മൂത്ത കുട്ടിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ച പ്രതി കൂട്ടുകാരികളുടെ ചിത്രങ്ങൾ കാണുകയും ഇവരെ പരിചയപ്പെടുത്തി തരണമെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അച്ഛൻ നിന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് മൂത്തകുട്ടി കൂട്ടുകാരിക്ക് കത്തെഴുതി. ഇത് അദ്ധ്യാപികയുടെ കൈവശമെത്തിയപ്പോഴാണ് ധനേഷിനെക്കുറിച്ച് സംശയം രൂപപ്പെട്ടത്. അദ്ധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. മൂത്തപെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.















