കൊല്ലം: വൻതോതിൽ വേദനസംഹാര ഗുളികകളുമായി യുവാവ് പിടിയിൽ. മുണ്ടക്കൽ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ലഹരിക്ക് പകരമായാണ് വേദന സംഹാരികൾ ആവശ്യക്കാരിലേക്ക് എത്തിച്ചിരുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. ഹൈദരബാദ്, ബെംഗളുരു തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് പ്രതി ഗുളികൾ എത്തിച്ചിരുന്നതെന്നാണ് എക്സൈസ് സംഘം നൽകുന്ന വിവരം. സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
കാൻസർ രോഗികളിൽ വേദന ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഗുളികകളും സിറിഞ്ചും പിടിച്ചെടുത്തിട്ടുണ്ട്. വേദനസംഹാരികൾ പൊടിച്ച് വെള്ളത്തിൽ കലക്കി സിറഞ്ച് വഴി കുത്തിവെക്കുന്നതാണ് ഇവരുടെ രീതി. സോഷ്യൽ മീഡിയ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്. ഗുളിക വാങ്ങിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.















