കോഴിക്കോട്: ചർമ്മരോഗ ചികിത്സാ രംഗത്ത് വ്യാജൻമാർ പെരുകുന്നതായി കണ്ടെത്തൽ. മലബാർ മേഖലയിൽ അംഗീകൃത സ്കീൻ സ്പെഷലിസ്റ്റുകളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ 56 വ്യാജ ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി. കണ്ണൂരിലാണ് എണ്ണം കൂടുതലുള്ളത്. വ്യാജ ചികിത്സ പാളിപ്പോയതിന് ശേഷം ചർമ്മ രോഗ വിദഗ്ധരെ തേടിയെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം. പരസ്യങ്ങളും റീലുകളും വഴിയാണ് ഇത്തരക്കാർ ആളുകളെ ആകർഷിക്കുന്നത്.
ഹെയർ ട്രാൻസ്പ്ലാന്റ്, സ്കീൻ കെയർ മേഖലയിലാണ് തട്ടിപ്പ് വ്യാപകം. ഡെന്റൽ, ഹോമിയോ, ആയുർവേദ ഡോക്ടർമാർ പോലും ഇത്തരം ക്ലിനിക്കുകൾ നടത്തുന്നുണ്ട്. ബിഎഎംഎസ് എന്നോ ബിഡിഎസ് എന്നോ സൂചിപ്പിക്കാതെ വെറും ഡോക്ടർ എന്ന് പറഞ്ഞാണ് ഇവരുടെ പ്രവർത്തനം. കോസ്മറ്റോളജിസ്റ്റ്, എയ്സ്ത്തറ്റിക്ക് സ്പെഷലിസ്റ്റ് എന്ന പേരിലാണ് ഇവർ സോഷ്യൽ മീഡിയയിൽ ആളെക്കൂട്ടുന്നത്.
ഹെയർ ട്രാൻസ്പ്ലാന്റിനെ തുടർന്ന് തലയിൽ ടിബി ബാധിക്കുന്ന സംഭവം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ അതീവ വൈദഗ്ധ്യം ആവശ്യമുള്ള പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസമ തെറാപ്പി, ലേസർ ചികിത്സ, സ്റ്റം സെൽ തെറാപ്പി തുടങ്ങിയവ പോലും വ്യാജ ക്ലിനിക്കുകളിൽ ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് അതാത് ജില്ല കളക്ടർക്കും ജില്ല മെഡിക്കൽ ഓഫീസർക്കും തെളിവുകൾ സഹിതം ഡോക്ടർമാരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്.