മുംബൈ: മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജാവിനെയും ഛത്രപതി സംഭാജി മഹാരാജാവിനെയും അധിക്ഷേപിച്ച സംഭവത്തിൽ മാദ്ധ്യമപ്രവർത്തകനെതിരെ കേസ്. നാഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ മാദ്ധ്യമത്തിലെ
പ്രശാന്ത് കൊരത്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്രപതി ശിവാജി മഹാരാജാവിനെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമപ്രവർത്തകന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തിൽ മുംബൈ ഹൈക്കോടതിയിൽ പ്രതി മുൻകൂർ ജാമ്യം തേടി. എന്നാൽ ഇടക്കാലജാമ്യം നൽകാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഓഡിയോ ക്ലിപ് മോർഫ് ചെയ്തതാണെന്നും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് മാദ്ധ്യമപ്രവർത്തകന്റെ വിശദീകരണം.
വർഗീയ വിദ്വേഷം വളർത്തുന്ന പരമാർശങ്ങൾ നടത്തിയതിനും മാദ്ധ്യമപ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്. ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
ഭീഷണിപ്പെടുത്തുകയും ഛത്രപതി സാമ്രാജ്യത്തിലെ യോദ്ധാക്കളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് പരാതിക്കാരൻ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടു. ക്ലിപ്പ് വൈറാലയതിന് പിന്നാലെ പൊതുസമൂഹത്തിൽ നിന്ന് കനത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് പ്രശാന്ത് കോടതിയെ അറിയിച്ചു.















