എറണാകുളം: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എറണാകുളം സിറ്റി എ ആർ ക്യാമ്പിലെ എസ്ഐ സി വി സജീവനെതിരെയാണ് നടപടിക്ക് ശുപാർശ നൽകിയത്. നടപടി ഇന്നുണ്ടാകും. എസ്ഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എ ആർ ക്യാമ്പ് കമാൻഡന്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടു. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഗാർഡ് ഓഫ് ഓണർ നൽകുന്നതിനായുള്ള വെടിയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്. ക്ലാവ് പിടിച്ചതിനെ തുടർന്ന് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു.
വെയിലത്ത് വച്ചാണ് വെടിയുണ്ടകൾ ചൂടാക്കേണ്ടിയിരുന്നത്. എന്നാൽ സമയമില്ലാത്തതിനാൽ അടുപ്പിൽ വച്ചു. പിന്നാലെ വെടിമരുന്നിന് തീപിടിച്ചതോടെ പൊട്ടിത്തെറിച്ചു. മാർച്ച് 10-നായിരുന്നു സംഭവം. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിനിടെ ആകാശത്തേക്ക് വെടിവെക്കുന്നതിന് ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെടിയുണ്ടകളാണ് പൊട്ടിത്തെറിച്ചത്.















