ന്യൂഡൽഹി: എസ്ഡിപിഐയുടെ പണമിടപാടുകളിൽ അടിമുടി ദുരൂഹതയെന്ന് ഇഡി. സംഭാവന നൽകിയവർക്ക് തത്തുല്യമായ തുക മുൻകൂട്ടി ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഹവാല ഇടപാടിലൂടെ ലഭിച്ച കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചെന്നും പണം ലഭിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും ഇഡി വ്യക്തമാക്കി.
സംഭാവന എന്ന പേരിൽ എസ്ഡിപിഐയുടെ അക്കൗണ്ടിലേക്ക് ബാങ്ക് മുഖേന കോടികളാണ് എത്തിയിരുന്നത്. സംഭാവനയായി നൽകേണ്ട തുക മുൻകൂട്ടി ഇവർക്ക് എത്തിച്ച് നൽകും. തുടർന്ന് ഇവർ സ്വന്തം അക്കൗണ്ട് വഴി എസ്ഡിഐയുടെ അക്കൗണ്ടിലേക്ക് അയക്കും. ഇതിലൂടെ വൻ തുകയാണ് കമ്മീഷനായി വ്യക്തികൾക്ക് ലഭിച്ചിരുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. വ്യക്തികൾക്ക് പുറമേ ചെറുതും വലുതുമായ സംഘടനകൾക്കും ഈ രീതിയിൽ പണം ലഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികളടക്കം നിരവധി പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വിദേശത്ത് നിന്ന് ഹവാല ഇടപാടിലൂടെ പിഎഫ്ഐ, എസ്ഡിപിഐ എന്നിവയിലേക്ക് എത്തിയ പണം സംബന്ധിച്ചാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. എസ്ഡിപിഐക്ക് ഫണ്ട് എത്തിയത് പിഎഫ്ഐ വഴിയാണെന്നും രണ്ട് സംഘടനകളും ഒന്നാണെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇഡിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരാഴ്ചയ്‌ക്കിടെ കേരളത്തിലുൾപ്പെടെ 20 സ്ഥലങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്തും പാലക്കാടും പരിശോധന നടന്നിരുന്നു. കൊയമ്പത്തൂരിൽ നിന്ന് എസ്ഡിപിഐ പ്രവർത്തകനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.















