ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് വിരുന്നൊരുക്കിയ പാകിസ്താനെതിരെ ഇന്ത്യ. സാക്കിർ നായിക്ക് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകൾ മറിയം നവാസുമായും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇന്ത്യയുടെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആശങ്കയറിയിച്ചു. ഒളിവിൽ കഴിയുന്ന കുറ്റവാളിക്ക് അഭയം നൽകുന്ന പാകിസ്താന്റെ സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്തു.
“പാകിസ്താനിൽ സാക്കിർ നായിക്കിന് വിരുന്നൊരുക്കുന്നത് ഇതാദ്യമായല്ല, അദ്ദേഹത്തിന്റെ ആതിഥേയർ ഏതുതരം സമീപനമാണ് സ്വീകരിക്കുന്നത്, ഇന്ത്യ കൈമാറാൻ ആവശ്യപ്പെടുന്ന ഒരു കുറ്റവാളിക്ക് ഇത്രയധികം പിന്തുണ നൽകുന്നതിന്റെ അർത്ഥമെന്താണെന്ന് ഇത് കാണിക്കുന്നു,”വെള്ളിയാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ ജയ്‌സ്വാൾ പറഞ്ഞു.
മാർച്ച് 18 ന് നായിക് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും അവരുടെ റായ്വിന്ദിലെ വസതിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഷെരീഫ് ഫാമിലി എസ്റ്റേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പണ്ഡിതനും പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, അവരുടെ സംഭാഷണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെയാണ് ഇത്.