കോഴിക്കോട്: വി. ഡി സവർക്കറെ അധിക്ഷേപിച്ച് കൊണ്ടുള്ള എസ്എഫ്ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയിൽ മുൻപ് എസ്എഫ്ഐ സ്ഥാപിച്ച ‘ഞങ്ങൾക്കു വേണ്ടതു ചാൻസലറെയാണ്, സവർക്കറെയല്ല’ എന്ന ബാനറാണ് വിമർശനത്തിന് ആധാരമായത്. സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്ന് ഗവർണർ ചോദിച്ചു.
“സർവകലാശാലയിലേക്ക് കയറുന്നതിനിടെ ബാനർ കണ്ടു. സവർക്കർ എന്ന് മുതലാണ് രാജ്യത്തിന് ശത്രുവായി മാറിയത്? സവർക്കറുടെ സംഭാവനകൾ ശരിയായി പഠിക്കാത്തതിന്റെ പ്രശ്നമാണിത്. സമൂഹത്തിന് വേണ്ടി മാത്രം ജീവിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ശരിയായ വിദ്യാഭ്യാസമോ ശരിയായ അറിവോ ലഭിക്കാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾ ഇത്തരം ബാനറുകൾ സ്ഥാപിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വൈസ് ചാൻസലറുടെ ചുമതലായാണ്”, അദ്ദേഹം ചൂണ്ടിക്കാട്ടി.
സെനറ്റ് യോഗത്തിലാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം. സർവകാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ദൗത്യത്തിന്റെ പ്രചാരണാര്‍ത്ഥമാണ് അദ്ദേഹം സെനറ്റിനെ അഭിസംബോധന ചെയ്തത്. വിദ്യാര്‍ഥികളിലും യുവതലമുറയിലും ലഹരി ഉപയോഗം പടരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.
എസ്എഫ്ഐ സ്ഥാപിച്ച ‘ഇവിടെ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന ബാനർ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയിരുന്നു. എന്നാൽ ഈ ബാനർ നീക്കിയാൽ ചെറുക്കുമെന്ന് എസ്എഫ്ഐ സുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.















