കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം. പ്രതികൾ അപരാധം ചെയ്തിട്ടില്ലെന്ന വാദവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ തന്നെയാണ് രംഗത്തെത്തിയത്. കുറ്റവാളികളെ സംരക്ഷിക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് സിപിഎം തീരുമാനം.
ബിജെപി പ്രവർത്തകനായ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസമാണ് കോടതി വിധിയുണ്ടായത്. കേസിലെ പ്രതികളായ ഒമ്പത് സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതായിരുന്നു വിധി. എന്നാൽ കോടതി കുറ്റക്കാർ ആണെന്ന് കണ്ടെത്തിയാലും അത് അംഗീകരിച്ചു കൊടുക്കാൻ തയ്യാറല്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
കൊല നടത്തിയവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന സിപിഎമ്മിന്റെ പതിവുനയം ഇവിടെയും തുടരുമെന്ന് എംവി ജയരാജന്റെ പ്രസ്താവന വ്യക്തമാക്കുന്നു. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികൾ ആണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. ടിപി കേസിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടി.കെ രജീഷ് ഉൾപ്പെടെ നിരപരാധിയാണെന്ന് എംവി ജയരാജൻ അടിവരയിട്ട് സൂചിപ്പിച്ചു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെള്ളപൂശാൻ ശ്രമിക്കുന്ന സിപിഎം നിലപാടിനെതിരെ വിമർശനം ശക്തമാവുകയാണ്.
ബിജെപി പ്രവർത്തകൻ സൂരജിനെ 2005ലായിരുന്നു വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. 32-കാരനായ സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പ്രതികാരനടപടിയായിരുന്നു അരുംകൊല. സംഭവത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ രജീഷ് ഉൾപ്പടെ 9 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജും കുറ്റക്കാരനാണ്. ടി കെ രജീഷും മനോരാജ് നാരായണനും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞിരുന്നു.