മുംബൈ: ഇതിഹാസ മറാത്ത ഭരണാധികാരിയായ ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്ര സ്മാരകം ആഗ്രയിൽ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിക്കാൻ തീരുമാനമായി.
ശിവജി മഹാരാജിന്റെ 395-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആഗ്രയിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നൽകിയ വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നത്. മഹാനായ മറാത്താ ഭരണാധികാരിയുടെ പൈതൃകത്തെ ആദരിക്കുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ സ്ഥലം ഏറ്റെടുക്കുമെന്നും ഒരു സ്മാരകം നിർമ്മിക്കുമെന്നും ചടങ്ങിൽ ഫഡ്‌നവിസ് ഉറപ്പ് നൽകിയിരുന്നു.
ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്ര പൈതൃകം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മഹാരാഷ്‌ട്രയുടെ ചരിത്ര പൈതൃകം സംരക്ഷിക്കുകയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ആഗ്രയിലെ ഒരു പ്രധാന ചരിത്ര സ്ഥലത്ത് മഹാരാഷ്‌ട്രയുടെ ചരിത്രപരമായ സാന്നിധ്യം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്മാരകം പണിയുന്നത്.
1666-ൽ ആഗ്രയിലെ മുഗൾ തടവിൽ നിന്ന് ധീരമായ ഒരു പദ്ധതിയിലൂടെ രക്ഷപ്പെട്ട ശിവജി മഹാരാജിന്റെ ധീരതയെയും തന്ത്രപരമായ വൈഭവത്തെയും ആദരിക്കുക എന്നതാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ ഈ സംരംഭത്തിന്റെ ലക്ഷ്യം. മറാത്തകൾക്കും രാജ്യത്തിനും ഈ സ്ഥലം ചരിത്രപരമായി വലിയ പ്രാധാന്യമുള്ളതാണ്.