സമൂഹത്തിന്റെ മുഴുവൻ പരിവർത്തനമാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വരുന്ന വിജയദശമിയിൽ സംഘം നൂറുവർഷം പൂർത്തിയാക്കുമെന്നും സ്ഥാപകദിനം ആഘോഷിക്കുന്ന ശൈലി സംഘത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജത്തിന്റെ സംഘടനയാണ് സംഘം. വിജയദശമി ദിനത്തിൽ ശതാബ്ദി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സമ്പർക്ക യജ്ഞം നടത്തും. പഞ്ചപരിവർത്തൻ അടിസ്ഥാനമാക്കിയാകും സമ്പർക്കം. സംഘതത്വങ്ങളുടെ പ്രചരണം സമ്പർക്ക പരിപാടിയിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ സാംസ്കാരിക അടിത്തറ ശക്തമാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ കൈവിടാതെ ആധുനിക ജീവിതം സ്വായത്തമാക്കാനാണ് നാം ശ്രമിക്കേണ്ടത്. പഞ്ചപരിവർത്തനം വ്യക്തികളിൽ നടപ്പാക്കാൻ പ്രബോധനം നൽകും. യുവജനതയ്‌ക്ക് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഭാരതത്തെ മഹത്തരവും സമ്പന്നവുമാക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും ഹൊസബാളെ പറഞ്ഞു.
വഖ്ഫ് അധിനിവേശം ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു. ഔറംഗസേബിന്റെ അധിനിവേശത്തിന്റെ പ്രതീകമാണ് വഖ്ഫ്. അധിനിവേശ മനോനിലയുള്ളവർ ഇന്നും രാജ്യത്തുണ്ട്. അത് വലിയ അപകടങ്ങൾ സൃഷ്ടിക്കും. കർണാടക സർക്കാരിന്റെ സംവരണ നയത്തെയും ആർഎസ്എസ് സർകാര്യവാഹ് വിമർശിച്ചു. മതാധിഷ്ഠിത സംവരണം പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മണിപ്പൂർ വിഷയം സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. മണിപ്പൂരിലെ വിവിധ വിഭാഗങ്ങൾക്ക് സമഭാവനയോടെ ജീവിക്കാൻ സാധിക്കണമെന്നതാണ് സംഘത്തിന്റെ നിലപാട്. രാമക്ഷേത്ര നിർമാണം സമൂഹത്തിന്റെ മുഴുവൻ നേട്ടമാണ്. സമൂഹത്തിന് ആന്തരികമായ തിരുത്തലുകൾ ഉണ്ടാകണം. ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്‌ക്ക് അതീതരാണ്. ജാതി അധിഷ്ഠിത മനോനില മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് പ്രതിനിധി സഭയ്‌ക്ക് ഇന്ന് പരിസമാപ്തിയാകും. ശതാബ്ദി പൂർത്തീകരണ വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ബൈഠക്കിന്റെ വിശദാംശങ്ങളും പങ്കുവച്ചു.















