ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1 ലക്ഷം കോടി ഡോളർ ആയിരുന്ന ജിഡിപി 2025ൽ 4.3 ലക്ഷം കോടി ഡോളറായി ഉയർന്നു. ഡിജിറ്റലൈസേഷനും മറ്റ് സാമ്പത്തിക നയങ്ങളുമാണ് വളർച്ചയ്‌ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.
മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 105 ശതമാനത്തിന്റെ വളർച്ച നേടിയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം കൂടിയാണ് ഭാരതം. തൊട്ടുപിന്നിൽ അമേരിക്കയും ചൈനയുമാണ്. ഇതേ കാലയളവിൽ അമേരിക്കയുടെയും ചൈനയുടെയും ജിഡിപി വളർച്ച യഥാക്രമം 66 ശതമാനവും 44 ശതമാനവുമാണ്. ഇവിടെയാണ് ഇന്ത്യ 105 ശതമാനം വളർച്ച കൈവരിച്ചത്. അമേരിക്ക (30.3 ട്രില്യൺ ഡോളർ), ചൈന (19.5 ട്രില്യൺ ഡോളർ), ജർമ്മനി (4.9 ട്രില്യൺ ഡോളർ), ജപ്പാൻ (4.4 ട്രില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ജിഡിപി. സാമ്പത്തികശക്തിയുടെ കാര്യത്തിൽ ഈ നാല് രാജ്യങ്ങൾക്ക് ശേഷം അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ ദശകത്തിൽ ജപ്പാന്റെ ജിഡിപി വളർച്ച പൂജ്യം ആയതിനാൽ ഇന്ത്യ വൈകാതെ തന്നെ ജപ്പാനെ മറികടന്ന് നാലാമതാകുമെന്നാണ് ഐഎംഎഫ് ഡാറ്റ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ യുകെയുടെ ജിഡിപി 28 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിന്റെ ജിഡിപിയിൽ 38 ശതമാനം വളർച്ചയുണ്ടായി, 2015 ൽ 2.4 ട്രില്യൺ ഡോളറായിരുന്നത് 2025ൽ 3.3 ട്രില്യൺ ഡോളറായി. 50 ശതമാനത്തിലധികം ജിഡിപി വളർച്ച നേടി മറ്റ് സമ്പദ്‌വ്യവസ്ഥകളിൽ റഷ്യയും (57 ശതമാനം), ഓസ്‌ട്രേലിയയും (58 ശതമാനം), സ്‌പെയിനുമാണുള്ളത് (50 ശതമാനം).
ദേശീയപാതാ വികസനരംഗത്തും മേക്ക് ഇൻ ഇന്ത്യ രംഗത്തും നേടിയ വൻ പുരോഗതി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും പ്രധാന ഘടകമായെന്നാണ് വിലയിരുത്തൽ.















