പുതിയ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും എല്ലാവരും ഒറ്റകെട്ടായാണ് പുതിയ അദ്ധ്യക്ഷനെ നാമനിർദ്ദേശം ചെയ്തതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കൃത്യതയോടെ ബിജെപിയെ നയിക്കും. പാർട്ടി ശക്തമായാണ് മുന്നോട്ട് പോകുന്നത്. എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും ശോഭ പ്രതികരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശപത്രിക സമർപ്പിച്ച സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു അവരുടെ വാക്കുകൾ.
ഇനി ബിജെപിയിൽ ശോഭാ സുരേന്ദ്രൻ എന്താണ് എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകനും അവർ കൃത്യമായ മറുപടി നൽകി. എന്തുകൊണ്ടാണ് തന്നോടുമാത്രം ഈ ചോദ്യമെന്ന് ശോഭ മറുചോദ്യം ഉന്നയിച്ചു. മറ്റേതെങ്കിലും ബിജെപി നേതാക്കളോട് ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നില്ലല്ലോയെന്നും ശോഭയ്‌ക്ക് മാത്രം പ്രത്യേകതയെന്താണെന്നും അവർ പറഞ്ഞു. തനിക്കെന്താ കൊമ്പുണ്ടോയെന്നും അവർ പരിഹാസരൂപേണ ചോദിച്ചു. ഞങ്ങളുടെ പുതിയ അദ്ധ്യക്ഷൻ ചാർജെടുക്കുന്ന വേളയിൽ ഇതിനകത്ത് എന്തെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ പുതിയ വ്യക്തിയാണോ? കേന്ദ്രമന്ത്രിയായി പ്രവർത്തിച്ച് തെളിയിച്ച് കാണിച്ച വ്യക്തിയാണ്. തിരുവനന്തപുരത്ത് പ്രവർത്തിച്ചിട്ടുള്ള ആളാണ്. വളരെ കുറഞ്ഞ വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. രാജീവ് ചന്ദ്രശേഖർ വളരെ കൃത്യതയോടെ ഭാരതീയ ജനതാ പാർട്ടിയെ മുന്നോട്ട് നയിക്കും. – ശോഭാ സുരേന്ദ്രൻ പറഞ്ഞു.















