ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം. കെ. ഫൈസിക്ക് കുരുക്കു മുറുകുന്നു. എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളെ കുറിച്ച് രാജ്യവാപകമായി പഴുതടച്ച അന്വേഷണമാണ് കേന്ദ്ര എജൻസികൾ നടത്തുന്നത്. എസ്ഡിപിഐക്ക് ലഭിച്ച തെരഞ്ഞെടുപ്പ് സംഭാവനകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഇഡി വിവരം തേടിയിട്ടുണ്ട്. സംഭാവന നൽകിയവരുടെ വിവരങ്ങളും ശേഖരിച്ചതായാണ് സൂചന.
സിദ്ദിഖ് കാപ്പനും ഫൈസിയും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് അന്വേഷണത്തിന് നിർണ്ണായകമായത്. കൊല്ലം അഞ്ചൽ സ്വദേശിയും ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേന നടത്തുന്ന ഹവാല ഇടപാടുകളെ കുറിച്ചുള്ള സൂചനകൾ ഇഡിക്ക് ലഭിച്ചത് ചാറ്റുകളിൽ നിന്നാണ്.
ഡൽഹി കലാപവേളയിൽ ഹിന്ദു വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കാൻ കേരളത്തിലെ ചില മാദ്ധ്യമ പ്രവർത്തകർക്ക് നൽകേണ്ട തുകയെ കുറിച്ചും ഇതിലുണ്ട്. സിദ്ധിഖ് കാപ്പൻ അംഗമായ 10 വാട്സാപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ഇതിൽ നിന്നും പിഎഫ്ഐയിൽ നിന്നും പണം കൈപ്പറ്റുന്ന അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദ കേസുകളിൽ പെട്ടവർക്ക് എൻസിഎച്ച്ആർഒ മുഖേന നിയമ സഹായം നൽകുന്നതിനെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.
നിർണായക വിവരങ്ങൾ ലഭിച്ച സിദ്ദിഖ് കാപ്പന്റെ വാട്സാപ്പ് ഗ്രൂപ്പുകൾ
1. എൻസിഎച്ച്ആർഒ ലീഗൽ സെൽ
2. മീഡിയ പോപ്പുലർ ഫ്രണ്ട്- പി എഫ് ഐ മീഡിയ സെൽ ഭാരവാഹികളും വിശ്വസ്ത മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ്
3. എസ്ഡിപിഐ പൂച്ചാലമാട്
4. എസ്ഡിപിഐ പൂച്ചാലമാട് ബ്രാഞ്ച്
5. എസ്ഡിപിഐ -കെഎൻഎംപി മെമ്പേഴ്സ്
6. ഡൽഹി ഫ്രണ്ട് അപ്ഡേറ്റ്സ് – പി എഫ് ഐ ഡൽഹി നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പ്.
7. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് – ക്യാംപസ് ഫ്രണ്ട് പ്രചരണവുമായി ബന്ധപ്പെട്ടവരുടേത്.
8. ഇമാം കി പുകാർ – ഓൾ ഇന്ത്യ ഇമാം കൗൺസിൽ
9. ഡൽഹി ഫ്രണ്ട്സ് – ഡൽഹി പിഎഫ്ഐ നേതാക്കൾ
10. ന്യൂ വെബ് ടീം – പിഎഫ്ഐ നേതാക്കളും തേജസ് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ് എന്നിവയാണ്.
സിദ്ദിഖ് കാപ്പൻ എസ്ഡിപിഐ , എൻസിഎച്ച്ആർഒ , ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുണ്ടെന്നും ഏജൻസികൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ടാണ് കേന്ദ്ര ഏജൻസികൾ കോടതിയിൽ സമർപ്പിച്ചത്.