തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ നേരിടുന്ന ‘മദ്യ അഴിമതി’ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അതിർത്തി നിർണ്ണയത്തിന്റെയും ഹിന്ദിയുടേയും പേരിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന് മുൻപായി സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണിതെന്നും തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം ആരോപിച്ചു.
കർണാടകയിലും തെലങ്കാനയിലും ബിജെപി അധികാരത്തിൽ വരാൻ പോകുന്നതിൽ വിറളിപൂണ്ടാണ് ഇതരപാർട്ടികൾ ചെന്നൈയിലെ യോഗത്തിൽ പങ്കെടുക്കാൻ പോയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച വിളിച്ചുചേർത്ത അതിർത്തി നിർണ്ണയ വിഷയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തവരെല്ലാം ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വളർച്ച തടയാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന തെറ്റായ പ്രചാരണമാണ് ‘അവസരവാദികളായ പാർട്ടികൾ’ നടത്തുന്നത്. കേന്ദ്രസർക്കാരോ ബിജെപിയോ ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചർച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം യോഗങ്ങളുണ്ടാവുകയും ശുപാർശകൾ കൊണ്ടുവരികയും ചെയ്യുന്നതെങ്കിൽ അതിൽ കാര്യമുണ്ട്. എന്നാൽ അത്തരമൊരു നീക്കം കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡിഎംകെ കുപ്രചാരണങ്ങൾ നടത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് വേണ്ടി യാതൊരു പക്ഷപാതരഹിതമായ പ്രവർത്തനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത്. ചെന്നൈയിൽ സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിനായി വന്ന പാർട്ടികളെല്ലാം നിലവിൽ ഇല്ലാത്ത ഒരു പ്രശ്നത്തെ ഉയർത്തിക്കാട്ടി അവരുടെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് എത്തിച്ചേർന്നത്. ഇതേ പാർട്ടികൾ തന്നെയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കുപ്രചാരണ ക്യാമ്പയിൻ നടത്തിയത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ ഇലക്ഷൻ കഴിഞ്ഞപ്പോൾ അവരുടെ സൗകര്യാർത്ഥം ആ പ്രചാരണം നിർത്തിയെന്നും കിഷൻ റെഡ്ഡി പരിഹസിച്ചു.















