ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി പദവും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ഏറ്റെടുത്തതിന് പിന്നാലെ മാർക്ക് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു . ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബര്‍ 20നുള്ളിലായിരുന്നു സമയക്രമമനുസരിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിൽ മാര്‍ക്ക് കാര്‍ണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിരീക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നടപടികൾ കാരണം വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മാര്‍ക്ക് കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ട്രംപിനെ നേരിടാനും ഏവര്‍ക്കും അനുയോജ്യമായ പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും അനുകൂലവുമായ ജനവിധി വേണെന്നും അതിനായി മാറ്റം ആവശ്യമാണെന്നും കാര്‍ണി പറയുന്നു. ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് നേരത്തെ രംഗത്തുവന്ന അദ്ദേഹം പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ട്രെമ്പ് വിരുദ്ധത വോട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ്.
അഭിപ്രായ സര്‍വേകളില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വര്‍ധിപ്പിച്ച നടപടിയും വോട്ടാക്കി മാറ്റാനാണ് ലിബറല്‍ പാര്‍ട്ടിയുടെ ലക്ഷ്യം.















