കോഴിക്കോട്: ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പ്രതിയും മുൻ ഭർത്താവുമായ പ്രശാന്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. മേലാസകലം പൊള്ളി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ അമ്മയാണ് പ്രശാന്തിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. പ്രവിഷയെ കാലങ്ങളായി പ്രതി ശല്യം ചെയ്തിരുന്നുവെന്ന് അമ്മ സ്മിത പറഞ്ഞു.
നിരന്തരമായി ഉപദ്രവിച്ചിരുന്നു. പ്രശാന്തുമായുള്ള ബന്ധത്തിൽ ജനിച്ച മൂത്ത കുഞ്ഞിനെ ഏഴ് വർഷം മുൻപ് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാനാണ് ശ്രമിച്ചത്. എന്നാൽ തക്കസമയത്ത് അയൽവാസി കാണുകയും തട്ടിമാറ്റുകയും ചെയ്തതിനാലാണ് മകൻ അന്നുരക്ഷപ്പെട്ടതെന്നും പ്രവിഷയുടെ അമ്മ പറയുന്നു.
പ്രവിഷയുടെ സഹോദരനേയും ആക്രമിക്കാൻ ശ്രമിച്ചു. പ്രശാന്തിന്റെ ശല്യവും ആക്രമണവും സഹിക്കാൻ കഴിയാതെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. നിരവധി തവണ ആവർത്തിച്ച് പരാതി നൽകിയെങ്കിലും ഓരോതവണയും പ്രശാന്തിനെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പ്രവിഷയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും അവർ ആരോപിച്ചു.
പൊലീസിൽ എട്ടുതവണയാണ് പ്രശാന്തിനെതിരെ പരാതി നൽകിയത്. എന്നിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല., പ്രതിയെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ബാലുശ്ശേരി പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും പ്രവിഷയുടെ അമ്മ പറഞ്ഞു.
മൂന്ന് വർഷം മുൻപാണ് പ്രശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ച പ്രവിഷ നിയമപരമായി വിവാഹമോചനം നേടിയത്. എന്നാൽ പ്രവിഷയെ വിടാൻ അയാൾ തയ്യാറായിരുന്നില്ല. പ്രശാന്തിനൊപ്പം പോകാൻ പ്രവിഷ തയ്യാറാകാത്തത് കൂടുതൽ വൈരാഗ്യത്തിന് ഇടയാക്കി. പ്രവിഷയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലവീഡിയോ നിർമിച്ച് ബന്ധുക്കൾക്ക് അയച്ചുനൽകി പ്രതികാരം തീർക്കുകയായിരുന്നു പ്രശാന്തെന്നും ഏറ്റവുമൊടുവിലാണ് ആസിഡ് ആക്രമണമെന്നും അമ്മ സ്മിത പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഞായറാഴ്ച രാവിലെയാണ് പ്രവിഷയ്‌ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവിഷയെ പുറത്തേക്ക് വിളിച്ചിറക്കി ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനായി ഫ്ലാസ്കിലാണ് പ്രശാന്ത് ആസിഡ് കൊണ്ടുവന്നത്. ആക്രമണത്തിൽ മുഖത്തും നെഞ്ചിലും കഴുത്തിലും വയറിലും പുറത്തും തുടങ്ങി ദേഹമാസകലം പ്രവിഷയ്‌ക്ക് പൊള്ളലേറ്റു. ഒരു കണ്ണ് പൂർണമായും അടഞ്ഞ നിലയിലാണ്, വായിലേക്കും ആസിഡ് വീണതിനാൽ ആഹാരം പോലും കഴിക്കാനാകാത്ത നിലയിൽ ആശുപത്രിയിൽ കഴിയുകയാണ് പ്രവിഷ.















