കണ്ണൂർ: സൂരജ് വധക്കേസിൽ ശിക്ഷ വിധിച്ച് തലശ്ശേരി സെഷൻസ് കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ഇവർ 50,000 രൂപ പിഴയും ഒടുക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർ നിരപരാധികളാണെന്ന് പാർട്ടി അവകാശപ്പെട്ടിരുന്നു. അപരാധം ചെയ്തിട്ടില്ലെന്നും അവരെ രക്ഷപ്പെടുത്താൻ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നുമാണ് ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞത്. ഈ പ്രതികൾക്കാണ് കോടതി ഇപ്പോൾ ജീവപര്യന്തം തടവ് നൽകിയത്. CPM നേതാക്കളും പ്രവർത്തകരും അനുയായികളുമായ ടി.കെ രജീഷ്, എൻവി യോഗേഷ്, കെ. ഷംജിത്ത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പത്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ്.
2005 ഓഗസ്റ്റ് ഏഴിനാണ് ബിജെപി പ്രവർത്തകനായ സൂരജ് കണ്ണൂർ മുഴപ്പിലങ്ങാട് ടൗണിൽ വച്ച് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വിരോധമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. 20 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധിയുണ്ടായത്. പ്രതികളിൽ രണ്ടുപേർ ഇക്കാലയളവിൽ മരിച്ചിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഒരാളെ കോടതി വെറുതെവിട്ടു.